കുന്ദമംഗലം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ വാൻ കത്തിനശിച്ചു. കുട്ടികളെ സ്കൂളിൽ വിട്ടതിനുശേഷം മടങ്ങിയെത്തി നിർത്തിയിട്ട ഉടനെയാണ് വാഹനത്തിൽ നിന്ന് തീ ഉയർന്നത്. കുന്ദമംഗലം കോണോട്ട് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ വാനാണ് കത്തി നശിച്ചത്.
പ്രദേശവാസികൾ ചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും, ഇന്ധന ടാങ്കിലേക്ക് തീ പടർന്നതോടെ ആളിപ്പടരുകയായിരുന്നു. ഇത് വാൻ നിർത്തിയിട്ടിരുന്ന വീടിന്റെ ഒരു ഭാഗത്തേക്കും വ്യാപിച്ചു. തുടർന്ന് വെള്ളിമടുകുന്നിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
പ്രദീഷ് കാട്ടിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാൻ ആണ് കത്തി നശിച്ചത്. കോണോട്ട് എൽപി സ്കൂളിന് വേണ്ടി സർവീസ് നടത്തുന്ന വാഹനമാണ്. പ്രദീഷ് വാടകയ്ക്ക് താമസിക്കുന്ന അബ്ദുറഹിമാൻ തൂമ്പറ്റച്ചാലിൽ എന്നയാളുടെ വീട്ടുമുറ്റത്താണ് അപകടം നടന്നത്.