കോഴിക്കോട്: സംസ്ഥാനത്ത് ഉത്സവ സീസൺ അടുത്തിരിക്കെ ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു. റമദാൻ തുടക്കത്തിൽ കിലോ ഇറച്ചിക്ക് 210-220 രൂപയായിരുന്നു. ഇപ്പോൾ 280 വരെ എത്തി. 270നും 260നും ചില കടകളിൽ വിൽക്കുന്നുമുണ്ട്. അസോസിയേഷനാണ് വില നിശ്ചയിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നത്. എന്നാൽ പല കടകളിലും പല വിലയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
പെരുന്നാൾ മുൻകൂട്ടി കണ്ട് 300 രൂപ വരെ എത്തുമെന്നാണ് സൂചന. വില ഇനിയും കൂടുമെന്ന് വ്യാപാരികളും പറയുന്നു. രണ്ട് മാസം മുമ്പ് വില 200ഉം അതിന് ചുവടെയുമായിരുന്നു. കടുത്ത ചൂട് കാരണം ഉത്പാദനം കുറഞ്ഞത് കോഴിക്ക് വില ഉയരാൻ ഇടയാക്കിയെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ നിന്നും പ്രാദേശിക ഫാമുകളിൽ നിന്നുമാണ് കേരളത്തിൽ കോഴി എത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് വരുന്ന ലഗോൺ കോഴിക്ക് 160 മുതൽ 180 രൂപ വരെയാണ് വില.