വടകര: സ്‌ഫോടനത്തിൽ വിദ്യാര്‍ത്ഥിയുടെ കൈപ്പത്തി തകര്‍ന്നു. വടകര വില്യാപ്പള്ളിയില്‍ ആണ് സംഭവം. കൊറ്റിയാംവെള്ളിയില്‍ യദുദേവ് (16) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഭവത്തെച്ചൊല്ലി വടകരയിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. സിപിഎം നേതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നതെന്നും ഇത് ബോംബ് നിർമ്മാണത്തിനിടെയാണെന്നും യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നാണ് എൽഡിഎഫ് പ്രതികരിച്ചത്. അപകടത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി.