Trending

ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം.


കൊല്ലം: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ്. ഇതിനൊപ്പം പിഴയായി ഒരു ലക്ഷം രൂപയും ശിക്ഷാവിധിയിലുണ്ട്. പ്രതിക്ക് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 310-ാം വകുപ്പ് പ്രകാരം മറ്റൊരു ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള 30 വര്‍ഷത്തെ തടവിന് ശേഷമാണ് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ആരംഭിക്കുക. വന്ദനാ ദാസ് കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണക്കാക്കി വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 

കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും വധശ്രമത്തിന് പത്ത് വര്‍ഷം കഠിന തടവും 326-ാം വകുപ്പ് പ്രകാരം പത്ത് വര്‍ഷം കഠിന തടവും ആശുപത്രിയില്‍ അതിക്രമം നടത്തിയ കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവുമാണ് നല്‍കിയിരിക്കുന്നത്. 323, 324, 332, 333 വകുപ്പുകള്‍ പ്രകാരമാണ് സന്ദീപ് 30 വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടത്. എന്നാല്‍ ശിക്ഷ അപര്യാപ്തമാണെന്നാണ് പ്രോസിക്യൂഷന്റേയും വന്ദനയുടെ മാതാപിതാക്കളുടേയും പ്രതികരണം. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഇവരുടെ തീരുമാനം.

സന്ദീപ് കേസില്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അമ്മയ്ക്ക് താന്‍ മാത്രമേ ഉള്ളുവെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നുമായിരുന്നു സന്ദീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. പ്രതിയുടേത് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങള്‍ മാത്രമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയിലില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വന്ദനയെ ക്രൂരമായി കൊലപ്പെടുത്തി. അലറിവിളിച്ച് പുറത്തേക്ക് ഓടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയ്യില്‍ പിടിച്ച് തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി കുത്തി കൊലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

2023 മേയ് 10ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന ഓടനാവട്ടം സ്വദേശി ശ്രീനിലയത്തിൽ ജി സന്ദീപിനെ (42) വൈദ്യപരിശോധനയ്‌ക്കായി പൊലീസ് ആശുപത്രിയിൽ എത്തിച്ചതായിരുന്നു. പരിശോധനയ്ക്കിടെ അക്രമാസക്തനായ സന്ദീപ് വന്ദനയെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. വ്യവസായി കോട്ടയം മുട്ടുചിറ പട്ടാളംമുക്ക്‌ നമ്പിച്ചിറകാലായിൽ കെ.ജി മോഹൻദാസിന്റെയും തിരുവനന്തപുരം സ്വദേശി വസന്തകുമാരിയുടെയും ഏക മകളായ ഡോ.വന്ദന ദാസ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ്‌ വിദ്യാർത്ഥിയായിരുന്നു.

Post a Comment

Previous Post Next Post