താമരശ്ശേരി: താമരശ്ശേരിയിലും, വെളിമണ്ണയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി. വെളിമണ്ണ സ്വദേശി അബ്ദുൽ റാസിഖിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ നിന്നാണ് പിടികൂടിയത്.
ഇന്നലെ രാത്രി ഒരു മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ നാട്ടുകാർ തടഞ്ഞുനിർത്തി കാറിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇയാൾ സമനില തെറ്റിയതു പോലെയാണ് സംസാരിക്കുന്നത്. പ്രതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ട പിക്കപ്പ് വാൻ എടുത്ത് വെളിമണ്ണയിൽ എത്തിയ പ്രതി റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തു. പുലർച്ചെ 2.30 ഓടെ അവിടെ നിന്നും കടന്ന പ്രതി സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു. സമീപത്തെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടു.
പിന്നീട് ഓമശ്ശേരി മങ്ങാടുള്ള പെട്രോൾ പമ്പിലെത്തിയ പ്രതി വാനിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പ്പിക്കപ്പ് വാൻ എടുത്ത് അവിടെ നിന്നും സ്ഥലംവിട്ടു. ഈ പിക്കപ്പ് വെളിമണ്ണയിലെ ഒരു വീടിന്റെ പോർച്ചിൽ കയറ്റിവച്ചു. പെട്രോൾ പമ്പിലെ സിസിടിവിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു.