മടവൂർ: ആരാമ്പ്രം അങ്ങാടിയിലെ പ്രധാന റോഡരികിലെ ഓവുചാലിന് മുകളിൽ സ്ലാബുകളില്ലാത്തത് കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും അപകട ഭീഷണിയാകുന്നു. കഴിഞ്ഞദിവസം രാത്രി നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ വയോധികനായ കെ. ഉസൈൻകുട്ടി സുല്ലമിക്ക് (83) ഓവുചാലിൽ വീണ് പരിക്കേറ്റു.
മുൻപും പലതവണ കാൽനട യാത്രക്കാർ ഓവുചാലിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്. ഓവുചാൽ തുറന്നുകിടക്കുന്നത് കാരണം നടപ്പാതയായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആരാമ്പ്രം ഗവ. സ്കൂൾ, ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ, വിവിധ മദ്റസകൾ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ദിനംപ്രതി ഈവഴി പോകുന്നത്.
അധികൃതർ നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. വിദ്യാർത്ഥികളുടെയും കാൽനട യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അടിയന്തിരമായി ഓവുചാലിന് മുകളിൽ സ്ലാബുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അധികൃതർ നടപടിയെടുക്കുന്നില്ലെങ്കിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.