ചെന്നെെ: നിര്‍ണായക സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യയ്ക്ക് വമ്പൻ ജയം. സിംബാബ്‍വെയ്ക്ക് എതിരെ 72 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 257 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‍വെ പൊരുതി നോക്കിയെങ്കിലും കൂറ്റൻ സ്കോർ മറികടക്കാനായില്ല. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. അടുത്ത മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ഇന്ത്യ സെമിയിലെത്തും.
തോല്‍വിയോടെ സിംബാബ്‍വെ ലോകകപ്പില്‍ നിന്നും പുറത്തായി. മാര്‍ച്ച് ഒന്നിന് നടക്കുന്ന ഇന്ത്യ–വെസ്റ്റിന്‍ഡീസ് മത്സരത്തില്‍ ജയിക്കുന്നവര്‍ സെമിയിലെത്തും. മത്സരം കളിക്കാനാവാതെ ഉപേക്ഷിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ വെസ്റ്റിന്‍ഡീസ് മുന്നേറും. ഇന്ന് ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും വെസ്റ്റിന്‍ഡീസിന്‍റെ റണ്‍റേറ്റ് +1.791 ആണ്. വലിയ വിജയം പ്രതീക്ഷ ഇന്ത്യയ്ക്ക് റണ്‍റേറ്റ് പോസ്റ്റീവാക്കി മാറ്റാനായില്ല. -0.100 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്.
ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്‍റെ സമ്മര്‍ദ്ദമില്ലാതെയാണ് സിംബാബ്‍വെ ബാറ്റു വീശിയത്. ഓപ്പണര്‍ ബ്രെയിന്‍ ബെന്നറ്റ് പുറത്താകാതെ 97 റണ്‍സെടുത്തു. എട്ട് ബൗണ്ടറിയും ആറു സിക്സറും സഹിതമാണ് ഇന്നിങ്സ്. സിംബാബ്‌വെ സ്കോര്‍ 44ല്‍ നില്‍ക്കെ 20 റണ്‍സെടുത്ത ഓപ്പണിങ് ബാറ്റ്സ്മാൻ തടിവനഷെ മരുമാനി പുറത്തായി. ഡോയിന്‍ മയേഴ്സ ആറു റണ്‍സെടുത്ത് പുറത്തായി. റയാൻ ബൾ പൂജ്യത്തിനും, ടോണി മുനിയോംഗ 11 റണ്‍സെടുത്തും പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സെടുത്തു. രണ്ടു വീതം ബൗണ്ടറിയും സിക്സറും സഹിതമാണ് ഇന്നിങ്സ്. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.
ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 256 റൺസ് എടുത്തു. ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. അഭിഷേക് ശര്‍മ്മയും ഹര്‍ദ്ദിക്ക് പാണ്ഡ്യയും അര്‍ദ്ധ സെഞ്ച്വറി നേടി. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ തുടക്കം ഗംഭീരമാക്കി. ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ റിച്ചാര്‍ഡ് എരഗോയെ സിക്സ് അടിച്ചു. ഒരു ഫോറും രണ്ടു സിക്സും സഹിതം 15 പന്തിൽ 24 റൺസ് എടുത്താണ് സഞ്ജു മടങ്ങിയത്.
സഞ്ജുവിന് ശേഷം ഇഷാന്‍ (38) ആണ് പുറത്തായത്. അഭിഷേക് ശര്‍മ്മ 30 പന്തില്‍ 55 റണ്‍സ് എടുത്തും സൂര്യകുമാര്‍ യാദവ് 33 റണ്‍സ് എടുത്തും പുറത്തായി. അവസാന ഘട്ടത്തില്‍ തിലക് വര്‍മ്മ-ഹര്‍ദ്ദിക് കൂട്ടുകെട്ട് 31 പന്തില്‍ 84 റണ്‍സെടുത്തു. തിലക് വര്‍മ്മ 16 പന്തില്‍ 44 റണ്‍സെടുത്തു. 23 പന്തില്‍ നിന്നും ഹര്‍ദ്ദിക് 50 റണ്‍സ് നേടി.