കണ്ണൂർ: കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞു അപകടം. ഡ്രൈവറും ആയയും ഉൾപ്പെടെ 28 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 26 കുട്ടികളെയും കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൂവത്തൂർ എൽ.എം.എസ്.എൽ.പി.എസ് സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ മേക്കൊല്ല ഭഗവതി ക്ഷേത്രത്തിന് അടുത്ത് കനാലിലേക്കായിരുന്നു ബസ് മറിഞ്ഞത്. നിലവിൽ കുട്ടികളെല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വാർഡിൽ നിരീക്ഷണത്തിലാണ്. ഒരു കുട്ടിയെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റിയെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
സ്കൂളിന് സ്വന്തമായി ബസ് ഇല്ലാത്തതിനാൽ കരാർ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ ഓടിച്ചിരുന്നത്. ഇത്തരത്തിൽ വരുന്ന വാഹനങ്ങളിലും ഡ്രൈവർമാരിലും നേരത്തെ തന്നെ രക്ഷിതാക്കൾ ആശങ്കപ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ, സ്കൂൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.