തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം. ഒരു യാത്രക്കാരി പ്രതിഷേധം അറിയിച്ചതോടെ ബസ്സിലെ മറ്റു ചില യാത്രക്കാർ യുവതിക്കെതിരെ രംഗത്ത് വരുകയും വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു. തിരുവനന്തപുരം- തൊട്ടിൽപാലം സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് സംഭവം. വഴക്ക് രൂക്ഷമായപ്പോൾ കണ്ടക്ടർ സിനിമ നിർത്തിവെച്ചു.
ദിലീപ് നായകനായ 'പറക്കുംതളിക' സിനിമയുടെ പ്രദർശനമാണ് തർക്കത്തിന് കാരണമായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖർ എന്ന യുവതിയാണ് സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ആദ്യം ശബ്ദമുയർത്തിയത്. ഇതിനു പിന്നാലെ മറ്റു യാത്രക്കാരും ലക്ഷ്മിയെ പിന്തുണച്ചതോടെ കണ്ടക്ടർ സിനിമയുടെ പ്രദർശനം നിർത്തി വെക്കുകയായിരുന്നു. കെഎസ്ആർടിസി ബസ്സിൽ യാത്രക്കാർക്ക് താൽപര്യമില്ലാത്ത സിനിമകൾ നിർബന്ധിച്ച് കാണിക്കരുതെന്നും യുവതി പറഞ്ഞു. തന്റെ അഭിപ്രായത്തോട് ഭൂരിഭാഗം യാത്രക്കാരും അനുകൂലമായാണ് പ്രതികരിച്ചതെന്നും യുവതി പിന്നീട് വ്യക്തമാക്കി.
എന്നാൽ സിനിമ നിർത്തിവെച്ചതിനെതിരെ നടനെ അനുകൂലിച്ച് ചില യാത്രക്കാർ രംഗത്തെത്തി. കോടതി വിധി വന്ന വിഷയത്തിൽ സംസാരിക്കുന്നത് എന്തിനാണെന്ന് ചിലർ വാദിച്ചു. ഇതിനു മറുപടിയായി ഞങ്ങൾ സ്ത്രീകൾക്ക് ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ചോദ്യം ഉന്നയിച്ചവരോട് യുവതി പറഞ്ഞത്. 'കോടതിവിധികൾ പലതും വന്നിട്ടുണ്ട്. പക്ഷേ ദിലീപിന്റെ സിനിമ ഈ ബസ്സിൽ കാണാൻ പറ്റില്ല,' എന്ന് യുവതി ഉറച്ച് പറയുകയായിരുന്നു. മറ്റ് ചില സ്ത്രീകളും യുവതിയെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചു.