തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയ്ക്കരികിൽ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. യാത്രക്കാരെ കണ്ടക്ടര്‍ ഇടപ്പെട്ട് മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പുതുക്കാട് പോലീസിൽ പരാതിയും നൽകി.
തുടര്‍ന്ന് പോലീസ് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനു സമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിനു സമീപം ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ മരിക്കാനിടയായ സാഹചര്യം വ്യക്തമല്ല.