ന്യൂഡൽഹി: ഇനി നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കലും പങ്കിടലും വളരെ എളുപ്പം. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ആധാര്‍ ആപ്പ് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തിറക്കി. ഫിസിക്കല്‍ ആധാര്‍ കാര്‍ഡിന് പകരം ഡിജിറ്റലായി ആധാര്‍ കോപ്പി സ്‌മാര്‍ട്ട് ഫോണില്‍ കൊണ്ടുനടക്കാനുള്ള സൗകര്യം, ബയോമെട്രിക്, ഫേസ് അണ്‍ലോക്ക് തുടങ്ങി അനേകം ഫീച്ചറുകള്‍ പുതിയ ആപ്പിലുണ്ട്. ‘ആധാര്‍’ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാം. പഴയ ‘എം-ആധാര്‍’ ആപ്പില്‍ നിന്ന് ഏറെ വ്യത്യസ്‌തമായാണ് പുതിയ ആധാര്‍ ആപ്പ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
പുതിയ ആധാര്‍ ആപ്പിന്‍റെ പ്രത്യേകതകള്‍
മൾട്ടി-പ്രൊഫൈൽ മാനേജ്‌മെന്‍റ്:- മൾട്ടി-പ്രൊഫൈൽ മാനേജ്‌മെന്‍റാണ് പുതിയ ആധാര്‍ ആപ്പിലെ ഒരു പ്രത്യേകത. ഒരേ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അഞ്ചു വരെ ആധാര്‍ കാര്‍ഡുകള്‍ ഒറ്റ ആപ്പില്‍ ചേര്‍ക്കാം. ഒരു വീട്ടിലുള്ളവരുടെ ആധാര്‍ കാര്‍ഡുകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യല്‍ ഇത് എളുപ്പമാക്കുന്നു.
ബയോമെട്രിക് സെക്യൂരിറ്റി ലോക്ക്:- ആപ്പില്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ബയോമെട്രിക് ഓതന്‍റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യാം. നിങ്ങള്‍ ബയോമെട്രിക് വഴി ആപ്പ് അണ്‍ലോക്ക് ചെയ്യാതെ ആധാര്‍ വിവരങ്ങള്‍ മറ്റൊരാള്‍ക്കും പങ്കിടാനാവില്ല.
സെലക്‌ടീവ് ഡാറ്റ ഷെയറിംഗ്:- പുതിയ ആധാര്‍ ആപ്പില്‍ ഏതൊക്കെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് പങ്കിടാമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയും. നിങ്ങളുടെ പേരും ഫോട്ടോയും മാത്രം പങ്കുവെച്ചാല്‍ മതിയോ, ജനന തീയതിയും വിലാസവും മറയ്‌ക്കണോ എന്ന് ആപ്പില്‍ തീരുമാനിക്കാം. ഇത് സ്വകാര്യത കൂട്ടുന്ന ഫീച്ചറാണ്.
ക്യൂആര്‍ കോഡ് വെരിഫിക്കേഷന്‍:- പേപ്പര്‍ രഹിതമായും വേഗത്തിലും ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ നിങ്ങള്‍ക്ക് ആപ്പില്‍ ഒരു ആധാര്‍ ക്യൂആര്‍ കോഡ് ഓപ്ഷനുണ്ട്. ബാങ്കുകള്‍, ഗവൺമെൻ്റ് ഓഫീസുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ ക്യൂആര്‍ കോഡ് സ്‌കാനിംഗ് വഴിയാകും.
ഓഫ്‌ലൈന്‍ മോഡ് ആക്‌സസ്:- സേവ് ചെയ്‌ത് വച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ ഇന്‍റര്‍നെറ്റ് കണക്ഷനില്ലാത്ത സമയത്തും കാണാനാകും. എന്നാല്‍ പുത്തന്‍ ആധാര്‍ ആപ്പിന്‍റെ എല്ലാ ഫീച്ചറുകളും ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ്/ഡാറ്റാ കണക്ഷനുണ്ടായിരിക്കണം.
യൂസേജ് ഹിസ്റ്ററി മോണിറ്ററിംഗ്:- നിങ്ങള്‍ ആധാര്‍ ആപ്പ് വഴി എപ്പോഴൊക്കെ വിവരങ്ങള്‍ ഉപയോഗിക്കുകയും പങ്കിടുകയും ചെയ്‌തിട്ടുണ്ട് എന്ന് ആപ്പിലെ ആക്റ്റിവിറ്റി ലോഗ് വഴി അറിയാനാകും.
ആധാര്‍ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, ഉപയോഗിക്കാം?
• പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ പുത്തന്‍ ‘ആധാര്‍’ ആപ്പ് ഡൗൺലോഡ് ചെയ്യുക.
• ആപ്പ് തുറന്ന് നിങ്ങളുടെ ഭാഷ തെരഞ്ഞെടുത്ത ശേഷം 12 അക്ക ആധാർ നമ്പർ നൽകുക.
• നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് ഒരു SMS അയച്ച് ഇതിന് ശേഷം വെരിഫൈ ചെയ്യും.
• വൺ-ടൈം പാസ്‌വേഡ് (OTP) സമര്‍പ്പിച്ച ശേഷം, ഫേസ് ഐഡി ഓതന്‍റിക്കേഷൻ നടത്താം.
• ഫേസ് ഓതന്‍റിക്കേഷന്‍ പൂർത്തിയാക്കിക്കഴിഞ്ഞാല്‍ ആറ് അക്ക പാസ്‌വേഡ് സെറ്റ് ചെയ്യാനാവശ്യപ്പെടും.
• ഇതോടെ നിങ്ങളുടെ ആധാര്‍ പ്രൊഫൈല്‍ ആപ്പില്‍ ദൃശ്യമാകും.
• ആധാര്‍ വിവരങ്ങള്‍, അവ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍, മാസ്‌ക് ചെയ്യാനുള്ള സൗകര്യം, ക്യൂആര്‍ കോഡ് സ്‌കാനിംഗ് എന്നീ ഫീച്ചറുകള്‍ ആപ്പിനുള്ളില്‍ കാണാം.
• പുതിയ ആധാർ ആപ്പില്‍ ബയോമെട്രിക് സുരക്ഷയും ചേര്‍ക്കാം.
• ഇതേ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്‌തിട്ടുള്ള മറ്റ് നാല് ആധാര്‍ കാര്‍ഡുകള്‍ കൂടി പുത്തന്‍ ആധാര്‍ ആപ്പിലേക്ക് ചേര്‍ക്കാവുന്നതാണ്.