കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണശ്രമം. മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. പെരുവയൽ പരിയങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ് പിടിയിലായത്. യുവതി ആത്മഹത്യാ ശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പന്തീരങ്കാവിലെ മുട്ടഞ്ചേരി രാജൻ്റെ ഉടമസ്ഥതയിലുള്ള സൗപര്‍ണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. സ്ത്രീ ആവശ്യപ്പെട്ടതുപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സെയില്‍സ്മാനും സ്ത്രീയും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു. ഈ സമയം കയ്യിൽ കരുതിയ മുളക് സ്‌പ്രേ മുഖത്തേക്ക് അടിച്ചു ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ഇവരെ പന്തീരങ്കാവ് പോലീസെത്തി കസ്റ്റഡിയില്‍ എടുത്തു.