Trending

സൈനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-3 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.

അമരാവതി: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-3യുടെ വിക്ഷേപണം വിജയം. ഞായറാഴ്ച വൈകീട്ട് 5.30ഓടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ‘ബാഹുബലി’ എന്നുകൂടി അറിയപ്പെടുന്ന മാർക്ക് 3-എം5 (ലോഞ്ച് വെഹിക്കിൾ മാർക്ക് 3-എം5-എൽ.വി.എം3-എം5) റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ജിയോ സിങ്ക്രണസ് ട്രാൻസ്ഫർ ഓര്‍ബിറ്റിലേക്കു വിക്ഷേപിക്കുന്ന ഏക്കാലത്തെയും ഭാരം കൂടിയ ഉപഗ്രഹം കൂടിയാണിത്. 4,410 കിലോയാണ് സിഎംഎസ്-3യുടെ ഭാരം. 24 മണിക്കൂർ നീണ്ടുനിന്ന കൗണ്ട്ഡൗണിന് ശേഷമാണ് 43.5 മീറ്റർ നീളമുള്ള മാർക്ക് 3-എം5 റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപിച്ച് ഇരുപത് മിനിറ്റിനുള്ളിൽ സി.എം.എസ്-3 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട് ഭ്രമണപഥത്തിലെത്തി.

നാവിക സേനയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് സിഎംഎസ്-3. ആദ്യ സൈനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-7ന്‍റെ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് പുതിയത് വിക്ഷേപിക്കുന്നത്. നാവിക സേനയുടെ കരയിലുള്ള വിവിധ കമാന്‍ഡ് സെന്ററുകളും വിമാനവാഹനി കപ്പലുകള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ വ്യൂഹങ്ങളും തമ്മിലുള്ള വാര്‍ത്ത വിനിമയം ലക്ഷ്യമിട്ടുള്ള ഉപഗ്രഹം ദേശസുരക്ഷയില്‍ ഏറെ നിര്‍ണായകമാണ്. ഇതുകൊണ്ടുതന്നെ ഉപഗ്രഹത്തിന്റെ വിശദാംശങ്ങളൊന്നും ​ഐഎസ്ആർഒ പുറത്തുവിട്ടിരുന്നില്ല.

ഈ വര്‍ഷം നടത്തിയ മൂന്നു വിക്ഷേപണങ്ങളില്‍ രണ്ടും പരാജയപ്പെട്ടതിനാല്‍ അതീവ ശ്രദ്ധയോടെയായിരുന്നു ഇക്കുറി തയ്യാറെടുപ്പുകൾ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 29,970 കിലോമീറ്റർ x 170 കിലോമീറ്റർ ട്രാൻസ്ഫർ ഭ്രമണപഥത്തിലാണ് ഉപഗ്രഹം സ്ഥാപിക്കുക. അടുത്തിടെ വിക്ഷേപിച്ച എന്‍വിഎസ്-2ഉം ഇഒഎസ്-9നുമുണ്ടായ അപ്രതീക്ഷിത പരാജയങ്ങളിൽ നിന്ന് ഇസ്റോയുടെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തുന്നതാണ് സിഎംഎസ്-3യുടെ വിജയം.

ഭാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നുവെന്നതും ദൗത്യത്തിന്റെ പ്രത്യേകതയാണ്. സ്വകാര്യ ലോഞ്ചറുകളുടെ സഹായത്തോടെയാണ് ഇതുവരെ രാജ്യം ഭാരമേറിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചിരുന്നത്. 5,854 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 11 ഉം 4,181 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-24 ഉം ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ ഏരിയനാണ് വിക്ഷേപിച്ചത്. എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചാണ് കഴിഞ്ഞ വർഷം 4,700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-20 ഉപഗ്രഹം ഐ.എസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചത്.

ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റാണ് മാർക്ക് 3-എം5. റോക്കറ്റിന്റെ പരിഷ്‍കരിച്ച പതിപ്പിലാവും മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുക. ആശയവിനിമയ ഉപഗ്രഹങ്ങളായ ജി.സാറ്റ്-19, ജി.സാറ്റ്-29 എന്നിവക്ക് പുറമേ, ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 എന്നിവയെ ബഹിരാകാശത്തെത്തിച്ച വിക്ഷേപണ വാഹനമാണിത്. അഭിമാനകരമായ നേട്ടത്തിൽ ഐഎസ്ആർഒയെ ശാസ്ത്ര സാ​ങ്കേതിക വകുപ്പമന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. രാജ്യത്തിന് അഭിമാനകരമായ നേട്ടം​ കൈവന്നുവെന്നും വിക്ഷേപണത്തോട് സഹകരിച്ച എല്ലാവരോടും നന്ദിയെന്നും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.

Post a Comment

Previous Post Next Post