Trending

ഒടുവിൽ വടിയെടുത്തപ്പോൾ താഴെയിറങ്ങി; കൊച്ചിയില്‍ റോഡരികിലെ മരത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.


കൊച്ചി: കൊച്ചിയിൽ റോഡരികിലെ മരത്തിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. നഗരത്തെ ആശങ്കയിലാക്കിയ പാമ്പ് മരത്തില്‍ നിന്ന് താഴേയ്ക്ക് ഇറങ്ങി വന്നപ്പോഴാണ് പിടികൂടിയത്. വടി ഉപയോഗിച്ച് മരത്തിന്റെ മറ്റൊരു ചില്ലയില്‍ ശബ്ദമുണ്ടാക്കിയാണ് പാമ്പിനെ താഴെ ഇറക്കിയത്. പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറും. കോടനാട് കൊണ്ടുപോയി തുറന്നുവിടുമെന്നാണ് വിവരം.

സര്‍ക്കാറിൻ്റെ കീഴിലുളള പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വളപ്പിലെ മരത്തിലാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. മറ്റ് വഴികളില്ലാത്തതിനാല്‍ പാമ്പ് മരത്തില്‍ നിന്ന് താഴെയിറങ്ങുമ്പോള്‍ പിടികൂടാനായിരുന്നു തീരുമാനം. ഇന്ന് രാവിലെ ഹോസ്റ്റല്‍ വളപ്പില്‍ കാക്കകളുടെ കൂട്ടക്കരച്ചില് കേട്ടാണ് റോഡിലൂടെ നടന്നുപോയവര്‍ മരത്തിന് മുകളിലേക്ക് ശ്രദ്ധിച്ചത്. മരത്തിന്റെ ചില്ലയിലായിരുന്നു കൂറ്റന്‍ പെരുമ്പാമ്പ്. പെരുമ്പാമ്പിനെ കണ്ട വിവരമറിഞ്ഞ് എംഎല്‍എയും കൗണ്‍സിലറും പോലീസും ഫയര്‍ഫോഴ്‌സും വനം വകുപ്പുമെല്ലാം സ്ഥലത്തെത്തിയിരുന്നു.

ആള് കൂടിയതോടെ പാമ്പ് കൂടുതല്‍ മുകളിലേക്ക് നീങ്ങി. ഇരവിഴുങ്ങി മണിക്കൂറുകളോളം ചില്ലയില്‍ കിടന്ന പാമ്പിനെ ദേഹത്തേക്ക് വെളളം ചീറ്റി താഴെയിറക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ താഴെ വീണ് പാമ്പിന് അപകടം സംഭവിക്കുമെന്നതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് പാമ്പ് താഴെയിറങ്ങുമ്പോള്‍ പിടികൂടാമെന്ന തീരുമാനത്തിലെത്തിയത്. പാമ്പിനെ നിരീക്ഷിക്കാനായി ഒരു റസ്‌ക്യൂവറെയും നിയോഗിച്ചു. ഒടുവിൽ വൈകുന്നേരം ഏഴരയോടെ പാമ്പ് താഴെയിറങ്ങുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.

Post a Comment

Previous Post Next Post