കോഴിക്കോട്: സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. ഇന്ന് പവന് വില ഒറ്റയടിക്ക് 2400 രൂപ കൂടി 94,360 രൂപയായി. 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 300 രൂപ വര്‍ദ്ധിച്ച് 11,795 രൂപയുമായി. ഇതോടെ 16,720 രൂപയുടെ വർദ്ധനവാണ് ഒന്നര മാസത്തിനിടെ പവന്റെ വിലയിലുണ്ടായത്. നിലവിൽ പണിക്കൂലിയും നികുതിയും അടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 1,02,500 രൂപയോളം നൽകേണ്ടി വരും.
ദിനംപ്രതിയെന്നോണം റെക്കോഡ് ഭേദിച്ചാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. ഈ മുന്നേറ്റം തുടര്‍ന്നാല്‍ പവന് ഒരു ലക്ഷം രൂപ മറികടക്കാന്‍ ഇനി അധികനാളുകൾ വേണ്ടിവരില്ല. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,124.79 ഡോളറായി. യുഎസ്-ചൈന വ്യാപാര സംഘര്‍ഷം വര്‍ധിച്ചതാണ് സ്വര്‍ണം നേട്ടമാക്കിയത്. യുഎസ് കേന്ദ്ര ബാങ്ക് നിരക്ക് കുറച്ചേക്കാനുള്ള സാധ്യത കൂടിയതും സ്വര്‍ണം നേട്ടമാക്കി.
2026-ന്‍റെ അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 4,900 ഡോളറിലേക്ക് കുതിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്സ് നല്‍കുന്ന പ്രവചനം. കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും ഇടിഎഫ് നിക്ഷേപവുമാണ് വില ഉയരുന്നതിനുള്ള സാധ്യതയായി കാണിക്കുന്നത്. 2026-ഓടെ 5000 ഡോളറിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ അനലിസ്റ്റുകൾ പ്രവചിക്കുന്നത്.