ന്യൂഡൽഹി: ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലുകളെ തുടർന്നാണ് തീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതിവരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി. സഞ്ചരിക്കുമ്പോൾ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദ്ദേശം.
2026 ഒക്ടോബർ 01 മുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും. 2027 ഒക്ടോബർ 01 മുതൽ, എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം. ചില കമ്പനികളുടെ ചില മോഡലുകളിൽ നിലവിൽ എവിഎഎസ് ഉണ്ട്. യൂറോപ്യൻ യൂണിയൻ, യു.എസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. കരടുഭേദഗതിയെക്കുറിച്ച് morth@gov.in എന്ന ഇ-മെയിൽ വിലാസത്തിൽ 30 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാം.