Trending

കോരങ്ങാട് സ്കൂളിന് മുന്നിൽ കക്കൂസ് മാലിന്യം തള്ളിയ ലോറി പിടികൂടി.


താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാലയങ്ങൾക്ക് മുന്നിലെ ഓടയിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി പോലീസ് പിടികൂടി. ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. ഒറ്റനോട്ടത്തിൽ ഇന്ധനം കൊണ്ടുപോകുന്ന ലോറിയാണെന്ന് തെറ്റ് ധരിപ്പിക്കുന്ന രൂപത്തിൽ പെയിൻ്റു ചെയ്ത ലോറിയുടെ വശങ്ങളിൽ എഴുതിയ നമ്പർ മായ്ച്ചു കളഞ്ഞ നിലയിലാണ്.

മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചോദ്യംചെയ്ത നാട്ടുകാരായ യുവാക്കളെ വാഹനമിടിപ്പിക്കാൻ ശ്രമം നടത്തി. തുടർന്ന് സ്ഥലത്തു നിന്നും കടന്നുകളഞ്ഞിരുന്നെങ്കിലും ലോറിയുടെ പിന്നിലെ നമ്പർ ഫോണിൽ പകർത്തിയിരുന്നു. ലോറി നമ്പർ സഹിതം നാട്ടുകാർ നൽകിയ പരാതിയിൽ കേരള പോലീസ് ആക്ട് 120 (e),118 (e), ബിഎൻഎസ് 272, കേരള പഞ്ചായത്തീരാജ് ആക്ട് 219 (u) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.

താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ പുതുപ്പാടി പെരുമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്ന് കണ്ടെത്തി. തുടർന്ന് ലോറി കസ്റ്റഡിയിൽ എടുത്തെങ്കിലും ജീവനക്കാരെ പിടികൂടാൻ സാധിച്ചില്ല. പിടികൂടിയ ലോറി അടിവാരം പൊലീസ് ഔട്ട് പോസ്റ്റ് യാർഡിലേക്ക് മാറ്റിയിട്ടുണ്ട്. 

താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ഐഎച്ച്ആർഡി കോളേജ്, കോരങ്ങാട് ഗവ. എൽപി സ്കൂൾ എന്നിവയുടെ മുന്നിലായിരുന്നു മാലിന്യം ഒഴുക്കിയത്. കഴിഞ്ഞ ആഗസ്റ്റിൽ ഈ എൽപി സ്കൂളിലെ രണ്ടു കുട്ടികൾക്ക് അമീബിക് മസ്തിഷ്ക ജ്വരം പിടിപെടുകയും, ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post