തിരുവനന്തപുരം: പിഞ്ചുകുഞ്ഞിൻ്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചറുടെ ക്രൂരത. തിരുവനന്തപുരം മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദ്ദിച്ചത്. പ്രവീൺ-നാൻസി ദമ്പതികളുടെ രണ്ടര വയസുള്ള കുഞ്ഞിൻ്റെ മുഖത്താണ് അടിയേറ്റ പാടുകൾ കണ്ടെത്തിയത്. അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദ്ദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് ഗവൺമെൻ്റ് ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചറാണ് മർദ്ദിച്ചതെന്ന് കണ്ടെത്തിയത്.
മർദ്ദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്. ഇതിനായി കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇഎൻടി വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസ് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ടീച്ചർക്കെതിരെ വകുപ്പുതല നടപടി എടുത്തേക്കും. കർശ്ശന നടപടിയുണ്ടാകുമെന്ന് ബാലവകാശ കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.