തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലുള്ള കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ. 37 തസ്തികയിലായി 312 ഒഴിവുകളിലേക്കാണ് നിയമനം. ഇതിനായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 30 നകം അപേക്ഷകൾ ഓൺലൈനായി നൽകാം.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ 164, കൊച്ചിൻ ദേവസ്വം 84, ഗുരുവായൂർ ദേവസ്വം 61, കൂടൽ മാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ 3 എന്നിങ്ങനെയാണ് വിവിധ ദേവസ്വം ബോർഡുകളുടെ പരിധിയിൽ വരുന്ന ഒഴിവുകൾ. അപേക്ഷകർ ഹിന്ദു മതത്തിൽപ്പെട്ടവരായിരിക്കണം.
തസ്തികകൾ; ഒഴിവുകൾ; അപേക്ഷ യോഗ്യത
എൽഡി ക്ലർക്ക് സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് ll (113 - ഹയർ സെക്കണ്ടറി തത്തുല്യം വിജയം, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കംപ്യൂട്ടർ വേർഡ് സർട്ടിഫിക്കറ്റ്), പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് (14- എസ്എസ്എൽസി /തത്തുല്യം, സൈക്ലിംഗ് അറിയണം), വാച്ച്മാൻ (38 -ഏഴാം ക്ലാസ്സ് വിജയം), ശാന്തി (51-ഒമ്പതാം ക്ലാസ്സ് വിജയം, ശാന്തി ജോലിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് തന്ത്രി/സ്ഥാപനങ്ങളിൽ നിന്നുള്ള പരിചയ സർട്ടിഫിക്കറ്റ്), കഴകം (15- ഏഴാം ക്ലാസ്സ്/ തത്തുല്യം വിജയം, കഴകം പ്രവർത്തിയിൽ ക്ഷേത്രാധികാരികളിൽ നിന്നുള്ള സാക്ഷ്യപത്രം), അസിസ്റ്റന്റ് എൻജീനീയർ സിവിൽ (8 -സിവിൽ എൻജീനീയറിങ്ങിൽ ബിടെക്/ തത്തുല്യ ബിരുദം) എന്നിങ്ങനെയാണ് വ്യത്യസ്ത തസ്തികളിലെ ഒഴിവുകളും അവയിലേക്കുള്ള അപേക്ഷയോഗ്യതയും.
പ്രായം
ഭൂരിഭാഗം തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18നും 36നും ഇടയിലാണ്. ശാന്തി ജോലിക്ക് 45 വയസ്സുവരെ അർഹതയുണ്ട്. ഈ ജോലിക്ക് പുരുഷന്മാർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. വാച്ച്മാൻ തസ്തികയിൽ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അർഹതയില്ല.
മറ്റു വിവരങ്ങൾ
മറ്റു തസ്തികയിലെ ഒഴിവുകൾ, അപേക്ഷാ യോഗ്യത, ഓരോന്നിനുമുള്ള അപേക്ഷ ഫീസ് തുടങ്ങി കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. ശമ്പള നിരക്കുകൾ സർക്കാർ വകുപ്പുകളിലേതിനു തുല്യമാണ്. വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമുള്ള വെബ്സൈറ്റ്: https://kdrb.kerala.gov.in/, ഇ മെയിൽ: kdrbtvm@gmail.com, ഫോൺ: 0471-2339377.