തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനായ ഒരു വിദ്യാർത്ഥിക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് രോഗം ബാധിച്ചത് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ നിന്നാണെന്നാണ് സംശയം. കഴിഞ്ഞ ദിവസം കുട്ടി ഈ കുളത്തിൽ നീന്തിയിരുന്നു.
ഇതേ തുടർന്ന് പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം അടച്ചുപൂട്ടാൻ അതികൃതർക്ക് നിർദ്ദേശം നൽകി. രോഗബാധയുടെ കാരണം കണ്ടെത്താൻ നീന്തൽക്കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് വിദ്യാർത്ഥിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്.