മുക്കം: തിരുവമ്പാടിയിൽ നടുറോഡില്‍ വെച്ച് സ്ത്രീയെ ചവിട്ടി വീഴ്ത്തി യുവാവ്. തിരുവമ്പാടി ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ബിവറേജിന് സമീപമുള്ള റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു സ്ത്രീകളോട് മദ്യലഹരിയിലായിരുന്ന യുവാവ് അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി ഇയാൾ സ്ത്രീകളിൽ ഒരാളെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ തിരുവമ്പാടി സ്വദേശി ഷിഹാബുദ്ദീനെതിരെ പൊലീസ് കേസെടുത്തു.
ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത് സ്ത്രീകളിൽ ഒരാൾ ഇയാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും സ്ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും ഇതിൽ പ്രകോപിതനായി യുവാവ് സ്ത്രീയെ ചവിട്ടി വീഴ്ത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തില്‍ റോഡിലേക്ക് വീണ സ്ത്രീക്ക് പരിക്കേറ്റു. പ്രതിയെ ഉടന്‍ തന്നെ തിരുവമ്പാടി പൊലീസ് പിടികൂടിയിരുന്നു.