കൊടുവള്ളി: പടനിലം അങ്ങാടിയിൽ നരിക്കുനി റോഡിൻ്റെ ആരംഭത്തിൽ ഇരുവശങ്ങളിലും നിര നിരയായുള്ള ഇരുചക്ര വാഹന പാർക്കിംഗ് ഗതാഗത സ്തംഭനത്തിനിടയാക്കുന്നതായി പരാതി. പടനിലം ന്യൂ ജുമാ മസ്ജിദിന് മുൻ വശമാണ് ദീർഘദൂര ബസ് യാത്രക്കാർ രാവിലെ ബൈക്കുകൾ നിർത്തിയിട്ട് ബസുകളിൽ കയറി പോവുന്നത്. രാവിലെ നിർത്തിയിടുന്ന ബൈക്കുകൾ വൈകീട്ടും സന്ധ്യക്കും രാത്രിയിലുമാണ് പലരും പിന്നീട് എടുത്ത് പോവുന്നത്. പടനിലം ന്യൂ മസ്ജിദിലേക്കുള്ള വഴി പോലും മുടക്കിയാണ് പലരും ഇരുചക്ര വാഹനങ്ങൾ നിർത്തിയിട്ട് പോവുന്നത്.
ദൂരസ്ഥലങ്ങളിൽ ജോലിക്കും മറ്റാവശ്യങ്ങൾക്കും ബസ് യാത്രക്ക് എത്തുന്നവരാണ് സ്ഥിരമായി പകൽ സമയങ്ങളിൽ ഇവിടെ ബൈക്ക് പാർക്ക് ചെയ്തു പോവുന്നത്. നന്നെ വീതി കുറഞ്ഞതും ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്നു പോവാൻ മാത്രം കഴിയുന്നതുമായ പടനിലം പാലത്തിൽ ഗതാഗത സ്തംഭനം പതിവാണ്. ഇത് പലപ്പോഴും പടനിലം ജംഗ്ഷൻ വരെ നീളാറുണ്ട്. റോഡിൽ ഇരുവശങ്ങളിലുമായി പാർക്ക് ചെയ്യുന്ന ബൈക്കുകൾ ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതായും ചൂണ്ടികാണിക്കപ്പെടുന്നു. ഈ റൂട്ടിലോടുന്ന ബസുകൾക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. ഇവിടെ റോഡിൽ വലിയ ഒരു ഗർത്തവുമുണ്ട്.
ദക്ഷിണേന്ത്യയിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ മടവൂർ സി.എം മഖാമിലേക്കു വരുന്ന നൂറു കണക്കിന് വാഹനങ്ങളും സി.എം മഖാം നരിക്കുനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ധാരാളം ബസുകളും കടന്ന് പോവുന്ന വാഹനതിരക്ക് അനുഭപ്പെടുന്ന റോഡാണിത്. സംസ്ഥാന പാതയായ കൊയിലാണ്ടി-താമരശ്ശേരി റോഡ് ബാലുശ്ശേരി മുക്ക്-ദേശീയ പാത 766 പടനിലം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന പ്രധാന ബൈപ്പാസുമാണിത്. ഇരു വശങ്ങളിലുള്ള വാഹന പാർക്കിംഗ് നിയന്ത്രിക്കാൻ ബന്ധ പ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.