Trending

തൃശൂരില്‍ സിപിഎം ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്; വന്‍ സംഘര്‍ഷം.

തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റിനുമെതിരെ സിപിഎം നടത്തിയ മാർച്ചിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപിയുടെ പ്രകടനം. രാത്രി എട്ടുമണിയോടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും കല്ലേറുമുണ്ടായി. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു.

ബിജെപി ഓഫീസില്‍ നിന്ന് ആദ്യം പഴയ നടക്കാവിലേക്കും അവിടെ നിന്ന് തൃശ്ശൂര്‍ സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷനു മുന്നില്‍ പ്രതിഷേധം അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതുപ്രകാരമാണ് പോലീസ് വിന്യാസമുണ്ടായിരുന്നത്. പക്ഷേ, അപ്രതീക്ഷിതമായി ബിജെപി പ്രവര്‍ത്തകര്‍ പഴയ നടക്കാവില്‍ നിന്ന് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചായി എത്തുകയായിരുന്നു. ഇതോടെ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിനകത്തെത്തി.

മാര്‍ച്ച് തടഞ്ഞതോടെ പോലീസുമായി ബിജെപി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് കല്ലേറിലേക്കും ലാത്തിച്ചാര്‍ജിലേക്കും പ്രതിഷേധം വഴിവെച്ചു. കല്ലേറില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരു വിഭാഗത്തെയും പരസ്പരം മാറ്റിനിര്‍ത്തി. ഇതോടെ എംജി റോഡിനടുത്ത് ബിജെപിയും പാര്‍ട്ടി ഓഫീസിന് സമീപം സിപിഎമ്മും തടിച്ചുകൂടി പരസ്പരം മുദ്രാവാക്യം വിളിച്ചു.

വോട്ടര്‍പ്പട്ടിക ക്രമക്കേടിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും വൈകീട്ട് 5ന് സിപിഎം സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച് നടത്തിയിരുന്നത്. സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സുരേഷ് ഗോപി രാജിവെയ്ക്കണമെന്ന ആവശ്യമുയര്‍ത്തി. ഇതിനു പിന്നാലെയായിരുന്നു ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്.

Post a Comment

Previous Post Next Post