Trending

പശുക്കടവിൽ കാണാതായ വീട്ടമ്മ മരിച്ച നിലയിൽ; സമീപത്ത് പശുവിനെയും ചത്ത നിലയിൽ കണ്ടെത്തി.


കുറ്റ്യാടി: മരുതോങ്കര പശുക്കടവിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോങ്ങാട് ചൂള പറമ്പിൽ ഷിജുവിൻ്റെ ഭാര്യ ബോബിയെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ പരിക്കുകളൊന്നുമില്ല.

കഴിഞ്ഞ ദിവസം വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയതായിരുന്നു ബോബി. ഉച്ചയ്ക്ക് പശുവിനെ അഴിക്കാനായി വനാതിർത്തിയിലേക്ക് പോയ ബോബി പിന്നീട് വന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കുറ്റ്യാടി ദുരന്തനിവാരണ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ പശുവിനെയും ചത്ത നിലയിൽ കണ്ടെത്തി.

കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുളള മേഖലയാണ്. എന്നാൽ പ്രഥമദൃഷ്‌ട്യാ അത്തരം പരിക്കുകളൊന്നും മൃതദേഹത്തിൽ കണ്ടെത്തിയിട്ടില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്ന് പോസ്റ്റ്മോർട്ടം നടത്തും. തുടർന്ന് മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post