കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കരുമാരപ്പറ്റ സ്വദേശിനിയായ 57കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വ്യാഴാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഇവരുടെ സ്രവം പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
നിലവിൽ മലപ്പുറം സ്വദേശികളായ മൂന്ന് പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവർക്ക് പുറമെ മൂന്ന് കോഴിക്കോട് സ്വദേശികൾ കൂടി മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചുവെങ്കിലും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ചികിത്സയിലുണ്ട്. ഇതോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8 ആയി.