ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനം. ധരാലി ഗ്രാമത്തിൽ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും 4 മരണം. അപകടത്തിൽ നിരവധി പേരെ കാണാതായി. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു പ്രളയം ഉണ്ടായത്. മലമുകളിൽ നിന്ന് കുത്തിയൊലിച്ച വെള്ളം വിടുകൾക്ക് മുകളിലൂടെ കുതിച്ചൊഴുകി. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടുകളും ഹോട്ടലുകളുമുൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. 50 ഓളം ഹോട്ടലുകൾ വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയം ഹിമാലയൻ മേഖലയിലുടനീളം പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയും കാലവർഷക്കെടുതിയും കാരണം അമർനാഥ് യാത്ര ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിനോദസഞ്ചാരികളും തീർത്ഥാടകരും ഉത്തരേന്ത്യയിലെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാൻ അധികൃതര്‍ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ധരാലി ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കുതിച്ചുയരുന്ന വെള്ളം മേഖലയിലൊന്നാകെ നാശം വിതയ്ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഒരു പ്രദേശത്തെ വീടുകൾ ഒന്നടങ്കം ഒലിച്ചുപോയി. മേഘവിസ്ഫോടനം കാരണം ഖീർ ഗംഗാ നദി പെട്ടെന്ന് കരകവിഞ്ഞൊഴുകിയത് വൻ നാശനഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. വലിയ തോതിൽ ആളപായമുണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
ഹർഷിലിലെ കരസേനയുടെ ക്യാമ്പിലേക്ക് ഇവിടെ നിന്നും കുറഞ്ഞത് നാല് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. അതിനാൽ തന്നെ മണ്ണിടിച്ചിലുണ്ടായ ഉടനെ സൈന്യത്തിന്റെ 150 പേർ അടങ്ങുന്ന സംഘം 10 മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്. പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം സംഭവം അതീവ വേദനാജനകമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു.