Trending

മലയാളി യുവതിയെ ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവിനെതിരെ കുടുംബം.


ദുബായ്: മലയാളി യുവതിയെ ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തേവലക്കര തെക്കുംഭാഗം അതുല്യ ഭവനത്തില്‍ അതുല്യ ശേഖറാണ് മരിച്ചത്. ഷാർജയിലെ റോള പാർക്കിനു സമീപത്തെ ഫ്ലാറ്റിലാണ് അതുല്യയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗാർഹിക പീഡനത്തിനിരയിരുന്നുവെന്ന് ഷാർജയിലുള്ള സഹോദരിയോട് പെൺകുട്ടി പറഞ്ഞിട്ടുണ്ട്. അതുല്യയുമായി ഭർത്താവ് സതീഷ് നിരന്തരം മധ്യപിച്ച് വഴക്കിടാറുണ്ടായിരുന്നുവെന്ന് സഹോദരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഷാർജ പൊലീസിൽ മുമ്പ് പരാതി നൽകിയിരുന്നു. 

ഇന്നലെ രാത്രിയിൽ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഒരു സ്ഥാപനത്തിൽ അതുല്യ ജോലിയ്ക്ക് പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലുള്ള കെട്ടിട നിർമ്മാണ കമ്പനിയിലെ എഞ്ചിനിയറാണ് ഭർത്താവ് സതീഷ്. ഒന്നരവർഷം മുൻപാണ് അതുല്യയെ സതീഷ് ഷാർജയിൽ കൊണ്ടുവന്നത്. നേരത്തെ ഇവർ ദുബായിലായിരുന്നു താമസിച്ചത്. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. ഭർത്താവ് സതീഷിനെതിരെ കൊലപാതക കുറ്റവും, ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ മൊഴിയിലാണ് കേസ്. അതുല്യയെ ഭർത്താവ് സതീഷ് നിരന്തരം മദ്യപിച്ചെത്തി ശാരീരിക പീഡനത്തിന് വിധേയയാക്കിയെന്നുള്ള വീഡിയൊ ദൃശ്യങ്ങൾ സഹിതമാണ് തെളിവായി പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post