കുവൈത്ത് സിറ്റി: കുവൈത്തിലെ മാൻഗഫിൽ കോഴിക്കോട് സ്വദേശിക്ക് അജ്ഞാതന്റെ കുത്തേറ്റു. കോഴിക്കോട് കക്കോടി സ്വദേശി കുവൈത്തിലെ ഫുട്ബോൾ റഫറി ബഷീർ സാഹിബിനു ആണ് കുത്തേറ്റത്. പണം നൽകാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബഷീർ അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ദിവസം രാത്രി 10 മണിയോടെ മൻഗഫ് പഴയ ഫിംഗർ ഓഫീസ് ഗ്രൗണ്ടിന് സമീപമായിരുന്നു സംഭവം. നടന്നുപോവുകയായിരുന്ന ബഷീറിനെ സമീപിച്ച അജ്ഞാതൻ പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ, അക്രമി താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തുകയും സിവിൽ ഐഡി കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഐഡി നൽകാൻ വിസമ്മതിച്ചതോടെ, അക്രമി പിന്നിൽ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു.
സുഹൃത്തുക്കളെത്തി ബഷീറിനെ ഉടൻ തന്നെ ആംബുലൻസിൽ അദാൻ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ആക്രമണത്തിൽ ശരീരത്തിൽ ശേഷിച്ചിരുന്ന കത്തിയുടെ ഒരു ഭാഗം ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തു.