Trending

നിലമ്പൂരിൽ ആര്യാടൻ..; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മിന്നും ജയം


തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂർ. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാര്‍ സ്‌നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.

ഒൻപതു വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫിന് വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുണ്ടായിരുന്ന എല്ലാ വിവാദങ്ങള്‍ക്കും ഇതോടെ മറുപടിയായിരിക്കുകയാണ്. 34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. 2016ല്‍ പി വി അന്‍വറിനോട് നിലമ്പൂരില്‍ പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അതേ സീറ്റിലേക്ക് മത്സരിച്ച് കന്നിയംഗമായി നിയമസഭയിലേക്കെത്തുകയാണ്. 

നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ ഷൗക്കത്ത് കെഎസ് യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നഗരസഭാ ചെയര്‍മാനായിരിക്കെ അദ്ദേഹം ചെയ്ത മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും പ്രചരണ വിഷയമായിരുന്നു. സിപിഐഎം സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടി 2005ല്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്തംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായി. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 'ജ്യോതിര്‍ഗമയ' പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് കാര്യമായി അറിയപ്പെട്ട് തുടങ്ങിയത്.

രാഷ്ട്രീയ പ്രവര്‍ത്തകനെന്നപോലെ തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും ആര്യാടന്‍ ഷൗക്കത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകള്‍ക്ക് മികച്ച തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ത്തമാനകാലത്ത് ഫാസിസത്തെ ചെറുക്കുന്ന പ്രമേയവുമായെത്തിയ 'വര്‍ത്തമാനം' എന്ന സിനിമയുടെ കഥയും ആര്യാടന്‍ ഷൗക്കത്തിന്റേതാണ്. 

നിലമ്പൂര്‍ മാനവേദന്‍ സ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, മമ്പാട് എംഇഎസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ആര്യാടന്‍ ഷൗക്കക്കത്തിന്റെ വിദ്യാഭ്യാസം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. പി.വി മറിയമാണ് മാതാവ്. ഭാര്യ: മുംതാസ് ബീഗം. മക്കൾ: ഡോ. ഒഷിന്‍ സാഗ, ഒലിന്‍ സാഗ, ഒവിന്‍ സാഗ.

Post a Comment

Previous Post Next Post