ചെന്നൈ: തമിഴ് സിനിമാതാരം ശ്രീകാന്തിനെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ നടനെ ചോദ്യം ചെയ്തതിന് ശേഷം, നുങ്കമ്പാക്കം പോലീസ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നടത്തിയ രക്തപരിശോധനയില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ എഐഎഡിഎംകെ പ്രവര്‍ത്തകനായ പ്രസാദിന്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീകാന്തിന്റെ അറസ്റ്റ്. ചെന്നൈയിലെ ഒരു പബ്ബില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പ്രസാദിനെ കഴിഞ്ഞ മാസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പ്രസാദ് ശ്രീകാന്തിന്റെ പേര് വെളിപ്പെടുത്തിയതായാണ് വിവരം.
കഴിഞ്ഞ ആഴ്ച, നുങ്കമ്പാക്കം പോലീസ് ഘാന സ്വദേശിയായ ജോണ്‍ എന്നയാളെ 11 ഗ്രാം കൊക്കെയ്ന്‍ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാന്ത് ജോണില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച് പോലീസ് ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.