നന്മണ്ട: ബാലുശ്ശേരി- കോഴിക്കോട് പാതയിൽ നന്മണ്ട പതിനാലാം മൈലിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഓട്ടോ യാത്രക്കാരായ പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോയും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിയുകയും ലോറിക്ക് പിന്നിൽ വന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് ലോറിയിൽ ഇടിക്കുകയും ചെയ്തു. ഓട്ടോ പൂർണമായി തകർന്നു. കാർ ഭാഗികമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.