Trending

കൊയിലാണ്ടി മേൽപ്പാലത്തിലെ സ്പാനുകൾക്കിടയിലെ വിടവിൽ വീണ് സ്‌കൂട്ടർ യാത്രികന് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ നിര്‍മ്മിച്ച അണ്ടര്‍പാസിന് മുകളിലെ രണ്ട് സ്പാനുകള്‍ക്കിടയിലുളള വിടവിലൂടെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ താഴേക്ക് പതിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിക്കോടി വരക്കത്ത് മന്‍സില്‍ അഷറഫ്(20) ആണ് അപകടത്തില്‍പ്പെട്ടത്. പുതുതായി നിര്‍മ്മിച്ച ബൈപ്പാസിലൂടെ സഞ്ചരിക്കവെ അബദ്ധത്തില്‍ അടിപ്പാതയുടെ സ്പാനുകള്‍ക്കിടയിലുളള വിടവിലൂടെ സ്‌കൂട്ടറടക്കം നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.

സ്പാനുകൾക്കിടയിലുളള വിടവിലൂടെ സ്‌കൂട്ടറിന് താഴോട്ട് പതിക്കാന്‍ വേണ്ട വീതിയില്ലാത്തതിനാല്‍ യുവാവ് വിടവിനുളളില്‍ അകപ്പെടുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 6 ഓടെയാണ് സംഭവം. അപകടം കണ്ടയുടന്‍ തന്നെ നാട്ടുകാര്‍ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. കൊയിലാണ്ടിയില്‍ നിന്നും സേനയെത്തി ഉടന്‍ തന്നെ യുവാവിനെ താഴെ ഇറക്കി. ഇതു വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിന് മുകളില്‍ കയറിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രോബാര്‍ ഉപയോഗിച്ച് സ്‌കൂട്ടര് മാറ്റിയശേഷമാണ് പാലത്തിന്റെ വിടവില്‍ നിന്ന് യുവാവിനെ പുറത്തെടുത്തത്.

അപകടത്തില്‍ പരിക്കേറ്റ അഷറഫിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരു കാലുകള്‍ക്കും കൈക്കും പരിക്കുണ്ട്. ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങള്‍ അണ്ടര്‍പാസിലെ സ്പാനുകള്‍ക്കിടയിലുളള വിടവില്‍ വീഴാതിരിക്കാന്‍ കമ്പി വേലിയുണ്ട്. ഇവിടെ കോണ്ക്രീറ്റ് വേലി നിര്‍മ്മിക്കാനാണ് കമ്പിവേലി ഇട്ടത്. പണി പൂര്‍ത്തിയാകാത്തതിനാൽ കോണ്ക്രീറ്റ് നടന്നിട്ടില്ല. കമ്പി വേലിക്കുളളിലൂടെ സ്‌കൂട്ടര്‍ എങ്ങനെ സ്പാനിലെ വിടവിനുളളിലെത്തിയെന്നറിയില്ല.

Post a Comment

Previous Post Next Post