കോഴിക്കോട്: ഫറോക്കിൽ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ വീട്ടിൽ തന്നെയുള്ള കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ഡ്രൈവിങ് പഠിച്ച സ്നേഹലത കാർ സ്ഥിരമായി റിവേഴ്സ് ഗിയർ എടുത്തു പഠിക്കാറുണ്ട്. കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.
അപകടത്തിൽ സ്നേഹലതക്ക് നിസ്സാര പരിക്കേറ്റു. പതിനാല് കോൽ താഴ്ചയുള്ള കിണറ്റിലേക്ക് കാറിന്‍റെ പിറകുവശം ആദ്യം വീണതിനാലാണ് വലിയ അപകടം ഒഴിവായത്. കാറിന്‍റെ പിൻഭാഗം കിണറിലെ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും മുൻഭാഗം ഉയര്‍ന്നു നിന്നിരുന്നതിനാൽ സ്നേഹലതയെ ഡോര്‍ തുറന്ന് പുറത്തേക്ക് കൊണ്ടുവരാനായി. ഫയര്‍ഫോഴ്സെത്തിയാണ് സ്നേഹലതയെ പുറത്തെത്തിച്ചത്.