ഗുഡലൂർ: കുറ്റ്യാടിയിൽ നിന്നും കുടുംബത്തോടൊപ്പം ഊട്ടിയിൽ വിനോദയാത്രക്കെത്തിയ 15കാരൻ തലയിൽ മരം വീണ് മരിച്ചു. മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസീതിന്‍റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. പരിക്കേറ്റ ആദിദേവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വട്ടോളി സംസ്കൃതം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ പ്രസീദ് കൺസ്യൂമർ ഫെഡിൽ നീതി മെഡിക്കൽസ് വെയർഹൗസ് മാനേജറാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി-ഗുഡലൂർ ദേശീയപാതയിലെ പൈൻ ഫോറസ്റ്റ് എന്നറിയപ്പെടുന്ന ട്രീ പാർക്ക് ടൂറിസ്റ്റ് സെന്‍ററിലായിരുന്നു അപകടം. കോഴിക്കോട് നിന്നും വിനോദസഞ്ചാരികളുടെ 14 പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ധാരാളം മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീപാർക്ക് ഭാഗത്ത് ചുറ്റിനടക്കുമ്പോൾ ആദിദേവിന്‍റെ തലയിൽ മരം വീഴുകയായിരുന്നു.
പൊലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. കനത്ത മഴയെ തുടർന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.