Trending

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു


കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ വാക്സിൻ നൽകിയിട്ടും കുട്ടിക്ക് പേവിഷബാധ ഏൽക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 29-നായിരുന്നു പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്‍റെ മകൾ സിയ ഫാരിസിനെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങിവരുന്ന വഴിയിലായിരുന്നു സംഭവം. കുട്ടിയുടെ തലയിലും കാലിലുമായിരുന്നു നായയുടെ കടിയേറ്റത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരിക്കേറ്റിരുന്നു. അന്ന് ഈ നായ മറ്റ് അഞ്ചുപേരെയും കടിച്ചിരുന്നു. കടിയേറ്റ ഉടൻതന്നെ, മൂന്നു മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്സിൻ ഫലിക്കാതിരുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കുട്ടിക്ക് ഐഡിആർവി വാക്സിനും ഇമ്മ്യൂണോ ഗ്ലോബിനും നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി. റാബീസ് വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. അതിനാൽ തലയ്ക്കേറ്റ കടിയാണ് വാക്സിൻ ഫലിക്കാതെ വരാൻ കാരണമെന്ന് ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ അന്നേദിവസം നായയുടെ കടിയേറ്റ മറ്റുള്ളവരും ആശങ്കയിലാണ്. നായയുടെ കടിയേറ്റ മറ്റുള്ളവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് അവരുടെ ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post