ബംഗളൂരു: ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ പോലും നമുക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറാകുന്നവരാണ് നായ്ക്കൾ. മനുഷ്യനെക്കാളും വിശ്വസിക്കാൻ കഴിയുന്നവയാണ് അവർ. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉടമയുടെ കുഞ്ഞുങ്ങളെ മൂർഖൻ പാമ്പിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിറ്റ്ബുൾ ഇനത്തിലുള്ള നായയ്ക്ക് ദാരുണാന്ത്യം. കർണാടകയിലെ ഹാസനിൾ ഷാമന്ത് എന്നയാളുടെ വീടിനകത്താണ് സംഭവം നടന്നത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് എത്തിയ 12 അടി നീളമുള്ള മൂർഖനെ നായ മൂന്നായി വലിച്ചുകീറുകയായിരുന്നു. 12 അടിയോളം നീളം വരുന്ന മൂർഖനെയാണ് നായ കടിച്ച് കീറിയത്. ഭീമ എന്ന പേരുള്ള പിറ്റ്ബുൾ നായ അരമണിക്കൂറോളമാണ് മൂർഖനുമായി പോരാടിയത്.
സംഭവം ഇങ്ങനെ:
തറയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് മൂർഖൻ എത്തിയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ വളർത്തുനായ ഇത് കണ്ടു. പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ പാഞ്ഞെത്തി മൂർഖനെ ആക്രമിക്കുകയായിരുന്നു. നിരവധി തവണ പാമ്പ് തിരിച്ച് കൊത്തിയെങ്കിലും ചത്ത് വീഴും മുൻപ് മൂർഖനെ മൂന്ന് കഷ്ണമായി കടിച്ച് കീറിയാണ് പിറ്റ്ബുൾ വിടപറഞ്ഞത്. ഇവരുടെ വളർത്തുനായകളിൽ ഒരെണ്ണമാണ് മൂർഖന്‍റെ കടിയേറ്റ് ചത്ത ഭീമ.