Trending

പള്ളിവളപ്പിൽ സ്യൂട്ട്കേസിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്


കൊല്ലം: ശാരദാമഠം സിഎസ്ഐ പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഫൊറൻസിക് പരിശോധനയ്ക്കു പിന്നാലെ മാത്രമേ വ്യക്തത വരൂ. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥികൂടമാണെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടമെന്നും, ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ വ്യക്തമാക്കി.

റോഡിൽ നിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് അസ്ഥികൂടം വലിച്ചെറിഞ്ഞതാണെന്നാണു സൂചന. മതിലിനോട് ചേര്‍ന്നാണ് സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പള്ളിയുമായി ബന്ധപ്പെട്ടവർ പൈപ്പ് ശരിയാക്കാനായി എത്തിയപ്പോഴാണ് കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് കമ്പുകൊണ്ട്  സ്യൂട്ട്കേസ് തുറന്നു നോക്കിയപ്പോള്‍ തലയോട്ടി കണ്ടുവെന്നും, ഉടന്‍ തന്നെ അച്ഛനെയും പള്ളിയിലെ മറ്റുള്ളവരെയും പൊലീസിനെയും വിവരം അറിയിച്ചുവെന്ന് പള്ളി ജീവനക്കാരന്‍ പറയുന്നു. 

പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. പെട്ടിയുടെ കാലപ്പഴക്കവും അടുത്ത കാലത്താണോ ഇവിടെ ഉപേക്ഷിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്. നാട്ടിൽ നിന്നും വർഷങ്ങളായി കാണാതായവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post