കട്ടിപ്പാറ: കട്ടിപ്പാറയിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകളെ പിടികൂടി. കട്ടിപ്പാറ അമരാട് റോഡിന് സമീപം പിലാക്കണ്ടി നെടുമ്പാലി റോഡിൽ (ജവാൻ ജോസ് പി ജോസഫ് റോഡ്) നിന്നാണ് ഉഗ്രവിഷമുള്ള രണ്ട് മൂർഖൻ പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. നിരവധി വീടുകളിലേക്കുള്ള പ്രധാന റോഡാണിത്.
ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇതുവഴി പോയ ബൈക്ക് യാത്രക്കാരാണ് പാമ്പുകളെ ആദ്യം കണ്ടത്. തുടർന്ന് താമരശ്ശേരിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ദിനേന ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും വിദ്യാർത്ഥികളും കടന്നുപോകുന്ന റോഡിൽ വിഷപ്പാമ്പുകളെ കണ്ടെത്തിയത് നാട്ടുകാരെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. പിടികൂടിയ പാമ്പുകളെ താമരശ്ശേരി റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.