ബാലുശ്ശേരി: ബാലുശ്ശേരിയിൽ നിന്നു അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രാമമാണ് കിനാലൂർ. അവിടത്തെ ജനവാസത്തെക്കുറിച്ചു പതിനായിരം വർഷം വരെ പഴക്കമുള്ള തെളിവുകളുണ്ട്. കിനാലൂർ എസ്റ്റേറ്റിലെ കാരാടിയാണു ചരിത്രത്തിന്റെ മടിത്തട്ട്. 2015ൽ മഴവെള്ള സംഭരണത്തിന്റെ ഭാഗമായി അവിടെ കുഴിച്ചപ്പോൾ ശവകുടീരങ്ങൾ കണ്ടതോടെയാണ് അന്വേഷണത്തിനു തുടക്കമായത്.
2016ൽ കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗം പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ പര്യവേഷണം നടത്തി. ലഭിച്ച പുരാവസ്തുക്കൾ പരിശോധിച്ചപ്പോൾ കിനാലൂരിനും ചുറ്റുമുള്ള പ്രദേശങ്ങളിലും മധ്യശിലായുഗം മുതൽ ജനവാസമുണ്ടായിരുന്നതായി തെളിഞ്ഞു. ഇരുമ്പുയുഗമായപ്പോഴേക്കും അവിടം വലിയൊരു ജനവാസ കേന്ദ്രമായെന്നു ശവകുടീരത്തിൽ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കോളേജ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ബിസി 1000നും 8000 ഇടയിലുള്ള വസ്തുക്കളാണ് അവിടെ നിന്നു ലഭിച്ചതെന്നാണ് അനുമാനം. വിവിധ യുഗങ്ങളിലെ ജനവാസത്തെളിവുകൾ ഒരേ പ്രദേശത്തു നിന്നും കിട്ടുന്നത് അപൂർവമാണ്. കിനാലൂരിൽ പിന്നീടുള്ള ജനവാസത്തിനും തെളിവുണ്ട്. ഒൻപതാം നൂറ്റാണ്ടിലെ വട്ടെഴുത്ത് ശിലാശാസനം സമീപത്തുള്ള ശിവക്ഷേത്രത്തിൽ നിന്നു കണ്ടെത്തിയിരുന്നു. ചരിത്രകാരനായ പ്രഫ.എം.ജി.എസ്.നാരായണൻ ഇതു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ബാലുശ്ശേരി, പേരാമ്പ്ര ഉൾപ്പെടുന്ന ഭാഗം ആദിമകാലത്തെ വലിയൊരു ജനവാസ കേന്ദ്രമായിരുന്നു എന്നതിന് ഈ അടുത്തകാലത്തു തെളിവു ലഭിച്ചിരുന്നു. പേരാമ്പ്രയിൽ വീട്ടുകാർ കുഴിയെടുത്തപ്പോൾ കണ്ട ശവകുടീരം പുരാവസ്തു വകുപ്പ് പരിശോധിച്ചപ്പോഴാണ് 2000 മുതൽ 2500 വരെ വർഷം പഴക്കം കണക്കാക്കിയത്. പേരാമ്പ്രയിൽ അക്കാലത്ത് നെൽക്കൃഷി തുടങ്ങിയിരുന്നതായും ചരിത്രം പറയുന്നു. തമിഴ്നാട്, കർണാടക ഭാഗത്തു നിന്നും ആളുകൾ വയനാടു ചുരം വഴി ഇവിടേക്കും ഇവിടെ നിന്നു തിരിച്ചും സഞ്ചാരമുണ്ടായിരുന്നതായി ചരിത്രം പറയുന്നു.
ആധുനിക ചരിത്രം രേഖപ്പെടുത്തുമ്പോഴേക്കും കിനാലൂർ പ്രദേശം കുറുമ്പ്രനാട് രാജാവിന്റെ ഭരണത്തിൻ കീഴിലായി. കുറുമ്പ്രനാട് രാജാവിന്റെ കൊട്ടാരമായിരുന്നു ഇന്നു ബാലുശ്ശേരികോട്ട ക്ഷേത്രം നിലകൊള്ളുന്ന സ്ഥലം. പ്രാചീനകാലത്ത് ചുറ്റും കിടങ്ങോടുകൂടിയ കൂറ്റൻ മതിൽക്കെട്ടുള്ള രാജകൊട്ടാരമായിരുന്നത്രെ ഈ കോട്ട. പഴയ നാലുകെട്ടിന്റെ തെക്കിനിയിലെ പുറം തളത്തിലെ ചുമരിൽ പരദേവത ലയിച്ചതായാണ് വിശ്വാസം. വേട്ടയ്ക്കൊരു മകനാണ് ഇവിടത്തെ പരദേവത. ഇപ്പോഴും ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ കുറുമ്പ്രനാട് രാജവംശത്തിലെ പിൻതലമുറക്കാർക്കു പ്രധാനസ്ഥാനമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർ ചിത്രങ്ങൾ ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്.
കേരള ചരിത്രത്തിന്റെ തന്നെ ആദ്യകാലങ്ങൾ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്ന കിനാലൂരിനെക്കുറിച്ചു വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ല. കിനാലൂർ വ്യവസായ എസ്റ്റേറ്റിലെ കാരാടിയിൽ ഭൂമി കുഴിച്ചു പര്യവേഷണം നടത്തിയ സ്ഥലം ഇന്നു കാടുപിടിച്ചു കിടക്കുന്നു. അന്നത്തെ പര്യവേഷണ സ്ഥലം കാണാൻ പോലും സാധ്യമല്ലാത്ത വിധത്തിലാണ് കാടുമൂടിക്കിടക്കുന്നത്.