കോഴിക്കോട്: ജില്ലയിൽ ഭിന്നശേഷിക്കാരുടെ സമ്പൂർണ തിരിച്ചറിയല്‍ രേഖയായ യുഡിഐഡി കാർഡ് വിതരണം മെയ് മാസം അവസാനത്തോടെ പൂർത്തിയാക്കാനുള്ള നടപടികള്‍ നടന്നുവരുന്നതായി ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗ് പറഞ്ഞു. കോഴിക്കോട് ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിലുള്ള പ്രത്യേക പദ്ധതിയായ സഹമിത്രയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. യുഡിഐഡി കാർഡ് വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
പുതുതായി മെഡിക്കല്‍ ബോർഡ് ആവശ്യമായിട്ടുള്ള യുഡിഐഡി അപേക്ഷകള്‍ പൂർത്തിയാക്കാനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ മെഗാ ഭിന്നശേഷി നിർണയ ക്യാമ്പുകള്‍ ജില്ലയിലുടനീളം സംഘടിപ്പിക്കും. കെഎസ്‌എസ്‌എം, ജില്ലാ കളക്ടറുടെ ഇന്റേണ്‍മാർ, മറ്റു സന്ധദ്ധപ്രവർത്തകളർ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 28 മുതലാണ് ബ്ലോക്ക് തല ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസർ, ജില്ലാ താലൂക്ക് തല ആശുപത്രി സൂപ്രണ്ടുമാർ, സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവർ ചർച്ചയില്‍ പങ്കെടുത്തു.