കൊച്ചി: തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാണിച്ച് അമ്മയാണ് പരാതി നൽകിയത്. ചില വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ റാഗിങ്ങിന് മകൻ വിധേയനായെന്നും കുടുംബം ആരോപിക്കുന്നു.
കുട്ടി സ്കൂൾ ബസിൽവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നിറത്തിൻ്റെ പേരിലുള്ള പരിഹാസം, വാഷ് റൂമിൽ കൊണ്ടുപോയുള്ള ഉപദ്രവം, ക്ലോസെറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്കൂളിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ അവർക്ക് സൽപ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയിൽ ചൂണ്ടിക്കാട്ടി. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.
ജനുവരി 15 നായിരുന്നു തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ രചന ദമ്പതികളുടെ മകൻ മിഹിർ ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ.