Trending

വടകരയിൽ പ്ലസ്‌വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു


വടകര: വടകര പുറമേരിയിൽ വീട്ടിൽ വൈദ്യുതി വെളിച്ചം ലഭിച്ചതിൻ്റെ സന്തോഷം പങ്കു വെക്കാൻ ക്ഷണിച്ചു വരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്‌വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. പുറമേരി അറാം വെള്ളിയിൽ നടുക്കണ്ടിൽ സൂര്യജിത്ത് (16) ആണ് മരിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിയാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. വീടിനടുത്തെ കരിങ്കൽ പാറവെട്ടിയപ്പോൾ രൂപപ്പെട്ട അറാംവെള്ളി കുളത്തിൽ മുങ്ങി താഴുകയായിരുന്നു. സൂര്യജിത്തിന് നീന്തൽ വശമില്ല. നീന്തൽ അറിയാവുന്ന തൂണേരി സ്വദേശിയായ വിദ്യാർത്ഥി സമീപത്തെ ക്ലബിൽ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തി. തുടർന്ന് ഇവർ നടത്തിയ തിരച്ചിലിൽ കുളത്തിന് അടിയിലെ ചെളിയിൽ പൂണ്ടുകിടന്ന കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടനെ തന്നെ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടകര ഗവ.ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. നടുക്കണ്ടിൽ ശശിയുടെയും മോനിഷയുടെയും മകനാണ്. സഹോദരി: തേജാല ലക്ഷ്മി.

Post a Comment

Previous Post Next Post