മലപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. പെരിന്തൽമണ്ണ പാണമ്പി സ്വദേശി പുളിക്കൽ നജീബിന്റെയും ഫസീലയുടെയും മകൾ നേഹയാണ് (22) മരിച്ചത്. അൽശിഫ നഴ്സിങ് കോളേജിലെ മൂന്നാം വർഷ ബിഎസ് സി വിദ്യാർത്ഥിനിയാണ് നേഹ.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ നിന്നും സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോഴാണ് ക്രെയിനിൻ്റെ മുൻചക്രം സ്കൂട്ടറിനു പിറകിൽ ഇടിച്ചത്. പിറകിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീഴുകയും പിൻചക്രം ശരീരത്തിലൂടെ കയറുകയും ചെയ്തു. മൃതദേഹം മൗലാന ഹോസ്പിറ്റൽ മോർച്ചറിയിലാണ്.
പൂക്കോട്ടൂർ പാറഞ്ചേരി വീട്ടിൽ അഷർ ഫൈസലുമായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. ഇരുവർക്കും നേഹയുടെ പിതൃസഹോദരിയുടെ വെട്ടത്തൂർ കാപ്പിലെ വീട്ടിൽ വെള്ളിയാഴ്ച സൽക്കാരം ഒരുക്കിയിരുന്നു. ഇതിനായി അഷർ ഫൈസൽ കോളജിലെത്തി നേഹയെ കൂട്ടിക്കൊണ്ടുപോയി സൽക്കാരം കഴിഞ്ഞ് തിരികെ കോളേജിൽ കൊണ്ടുവിടാൻ എത്തിയപ്പോഴാണ് അപകടം.
Tags:
KERALA NEWS