കോഴിക്കോട്: നവീകരണം നടക്കുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന കവാടം ഡിസംബർ 10 മുതല്‍ അടക്കും. സ്വകാര്യവാഹനങ്ങള്‍ ആനിഹാള്‍ റോഡ് ജങ്ഷന് സമീപമുള്ള എ.ടി.എം കൗണ്ടര്‍ കെട്ടിടത്തിന്റെ വശത്തുകൂടി സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കടക്കണം. സ്റ്റേഷന്‍ കെട്ടിടത്തിന്റെ തെക്കുകിഴക്കെ ഭാഗത്ത് (സംഗം തിയറ്ററിനു സമീപം) കൂടിയായിരിക്കും പുറത്തേക്കുള്ള വഴിയെന്നും അധികൃതർ അറിയിച്ചു.
ഓട്ടോറിക്ഷകള്‍ക്ക് നിലവിലെ പ്രീപെയ്ഡ് കൗണ്ടറിനു സമീപമുള്ള കവാടം തന്നെയായിരിക്കും. കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയില്‍ റെയില്‍വേ എന്‍ജിനീയര്‍മാര്‍, കോർപ്പറേഷന്‍ എന്‍ജിനീയര്‍മാര്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എന്‍ജിനീയര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പുതിയ ക്രമീകരണം നടപ്പാക്കുന്നതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകും. വീതികുറഞ്ഞ ഈ റോഡില്‍ അഴുക്കുചാല്‍ അറ്റകുറ്റപ്പണികൂടി നടക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. സംഗം തിയറ്ററിനും ആനിഹാള്‍ റോഡ് ജങ്ഷനും ഇടയിലുള്ള ആല്‍മരത്തോട് ചേര്‍ന്ന പുറത്തേക്കുള്ള വഴിയിലും കുരുക്കുണ്ടാക്കും. ഈ ഭാഗത്ത് വേണ്ടത്ര വെളിച്ചമില്ലാത്തത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് പൊലീസ് ആശങ്കപ്പെടുന്നുണ്ട്. പ്രീപെയ്ഡ് കൗണ്ടറിനു സമീപം ഓട്ടോറിക്ഷകള്‍ക്കായി ഒരുക്കിയ സ്ഥലം പരിമിതമാണെന്നും ആക്ഷേപമുണ്ട്.
Tags:
KOZHIKODE