Trending

പേരാമ്പ്രയിൽ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്രയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. പേരാമ്പ്ര മാർക്കറ്റ് സ്‌റ്റോപ്പിൽ നിന്ന് വിദ്യാർത്ഥികൾ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽ നിന്ന് വീണാണ് അപകടം. നൊച്ചാട് ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനി റയാ ഫാത്തിമക്കാണ് (13) പരിക്കേറ്റത്.

കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. മാർക്കറ്റ് സ്‌റ്റോപ്പിൽ ബസ് നിർത്തുകയും വിദ്യാർത്ഥികൾ ഓടിക്കയറുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയും ചെയ്‌തെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ബസിൽ നിന്ന് റോഡിലേക്ക് വീഴുന്നതിനിടെ ബസിന്റെ കമ്പിയിൽ പിടിത്തം കിട്ടിയത് കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. ബസിൽ തൂങ്ങി കിടക്കുകയുമായിരുന്ന കുട്ടിയെ വലിച്ചിഴച്ചു കൊണ്ട് ബസ് 20 മീറ്ററോളം മുന്നിലേക്ക് പോയി. അമ്പാടി ഷോപ്പിങ്ങിന് മുന്നിലെത്തിയപ്പോൾ നാട്ടുകാരുടെ ബഹളം കേട്ടാണ് ബസ് നിർത്തിയത്. റോഡിൽ ഉരഞ്ഞ് കുട്ടിയുടെ കാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്.

പിടിത്തം വിടാതിരുന്നതിലാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ കയറ്റാതിരിക്കാൻ സ്‌റ്റോപ്പിൽ നിന്ന് ഏറെ മാറിയാണ് ബസുകൾ പൊതുവെ നിർത്തുന്നത്. കുട്ടികൾ ബസിൽ ഓടിയാണ് കയറുന്നതെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്ര ബസ് സ്‌റ്റാൻഡിൽ അമിത വേഗതയിലെത്തിയ ബസ് ദേഹത്തൂടെ കയറിയിറങ്ങി വയോധികൻ മരിച്ചിരുന്നു.

Post a Comment

Previous Post Next Post