താമരശ്ശേരി: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. സ്വർണാഭരണങ്ങൾ കവർന്നു. താമരശ്ശേരി കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ പൊളിച്ചു അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്.
ഷാഫി ഗൾഫിലാണ്. ഷാഫിയുടെ ഭാര്യ ഷാഹിദയും മക്കളും രണ്ട് ദിവസമായി സ്വന്തം വീട്ടിലേക്ക് പോയതിനാൽ വീട് അടച്ചിട്ടതായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെ ഷാഹിദ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താമരശ്ശേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.