താമരശ്ശേരി: താമരശ്ശേരി പുതുപ്പാടിയിൽ മാരക ലഹരിമരുന്നായ 4 ഗ്രാം എംഡിഎംഎയും,1.250 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പുതുപ്പാടി പുല്ലോറക്കുന്ന് മുഹമ്മദ് ഹാഷിർ (23), ചമൽ പിലാത്തോട്ടത്തിൽ മുഹമ്മദ് ദിൽഷാദ് (19) എന്നിവരെയാണ് കോഴിക്കോട് റൂറൽ എസ്. പി. പി.നിധിൻരാജ് ഐ.പി.എസും സംഘവും പിടികൂടിയത്. കോഴിക്കോട്, വയനാട്, ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും.
വയനാട് ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കിടെ റൂറൽ എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ പുതുപ്പാടിയിലുള്ള ഹാഷിറിൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. വിൽപ്പനക്കായി പാക്കിംഗിനുള്ള നിരവധി പ്ലാസ്റ്റിക് കവറുകളും ഇലക്ട്രോണിക് ത്രാസ്സും വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. ജില്ലയിലെ മൊത്ത വിതരണക്കാരിൽ നിന്നുമാണ് ഇവർ വില്പനക്കായി മയക്കുമരുന്ന് എത്തിക്കുന്നത്. വില്പന നടത്തി കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതി.
നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി.ഇൻ ചാർജ്ജ് വി.വി.ബെന്നി, താമരശ്ശേരി ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ, എന്നിവരുടെ നിർദ്ദേശപ്രകാരം താമരശ്ശേരി എസ്.ഐ മാരായ ഐ.കെ ബിന്ദുരാജ്, എൻ.കെ അബ്ദുൾ റഷീദ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു, ബിജു പൂക്കോട്ട്, എസ് സിപിഒ മാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, ഇ.കെ മുനീർ, എൻ.എം ഷാഫി, ടി.കെ ശോഭിത്ത്, സി.പി പ്രവീൺ, സിപിഒ മാരായ ടി.പി പ്രശാന്ത്, കെ രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.