കൊച്ചി: എറണാകുളം കാക്കനാട് സ്വകാര്യ ബസ്സിടിച്ച് യുവതി മരിച്ചു. കുസുമഗിരി ഹൊയ്ശാല ഇ-ഹോംസിൽ താമസിക്കുന്ന തൃശൂർ തോളൂർ പുളിഞ്ചേരി കായംപുള്ളി ഓമനക്കുട്ടന്റെയും ലീലയുടെയും മകൾ അക്ഷര (28) യാണ് മരിച്ചത്. ഇൻഫോ പാർക്കിലെ ഇ.വൈ കമ്പനി ജീവനക്കാരിയാണ്.
ബുധനാഴ്ച രാവിലെ 9 മണിയോടെ കാക്കനാട് ഇടച്ചിറ റോഡിൽ ഐ.എം.ജി ജംങ്ഷനിൽ വെച്ചായിരുന്നു അപകടം. ഫിറ്റ്നസ് സെൻ്ററിൽ നിന്നും വർക്ക് ഔട്ട് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ എതിർ ദിശയിൽ നിന്നും അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ്, അക്ഷരയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ യുവതിയുടെ ദേഹത്തുകൂടി ബസ്സിൻ്റെ പിൻചക്രം കയറിയിറങ്ങി.
ഗുരുതര പരിക്കേറ്റ യുവതിയെ ബസ് ജീവനക്കാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഭർത്താവ്: എടപ്പാൾ പന്താവൂർ സ്വദേശി വരുൺ. സഹോദരി: അരുണിമ.