ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ കാനഡയിലെ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡിസംബർ മൂന്നിന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കും.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (AIBOA), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. വിവിധ ബാങ്കുകളിലെ രണ്ടര ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ അണിനിരക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
52,878 കോടി രൂപയുടെ ഓഹരി വിൽപ്പനയ്ക്കാണ് ഒക്ടോബർ 14-ന് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ 30.48 ശതമാനവും എൽ.ഐ.സിയുടെ 30.24 ശതമാനവും ഓഹരികളാണ് ഫെയർഫാക്സ് ഏറ്റെടുക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതിക്ക് വിധേയമായി നടപ്പുസാമ്പത്തിക വർഷം തന്നെ ഇടപാട് പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം, ബാങ്കിന്റെ മൂല്യനിർണയത്തിലെ അപാകതകളിലും ബാങ്കിന്റെ നിയന്ത്രണം വിദേശ കമ്പനിക്ക് കൈമാറുന്നതിലും ബാങ്ക് യൂണിയനുകൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധിച്ച് നവംബർ രണ്ട്, മൂന്ന് തീയതികളിൽ ഐഡിബിഐ ബാങ്ക് ജീവനക്കാർ പണിമുടക്കിയിരുന്നു.
നിലവിലെ ജീവനക്കാരുടെ സേവനവ്യവസ്ഥകളും പെൻഷൻ ആനുകൂല്യങ്ങളും പൂർണ്ണമായും സംരക്ഷിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, പൊതുമേഖലാ ബാങ്കിനെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് യൂണിയനുകളുടെ തീരുമാനം.