നടുവണ്ണൂർ: തലച്ചോറിലെ കാൻസർ രോഗ ചികിത്സയ്ക്കായി പുതിയ കണ്ടുപിടുത്തം നടത്തിയ നടുവണ്ണൂർ സ്വദേശിനി ഡോ.ബിന്ദു അനിലേഷ് നായർക്ക് യുഎസ് പേറ്റന്റ് ലഭിച്ചു. നടുവണ്ണൂർ കാവുന്തറ തിരുപ്പുറത്ത് പരേതനായ ഗംഗാധരൻ കിടാവ് (റിട്ട.ഫോറസ്റ്റ് സർവീസ്) ൻ്റെയും രാധ ടീച്ചറുടെയും മകളാണ് ഡോ.ബിന്ദു.
ശരീരത്തിലെ സാധാരണ ആരോഗ്യമുള്ള കോശങ്ങൾക്ക് ദോഷം വരുത്താതെ കാൻസർ കോശങ്ങളെ കൊല്ലുന്ന ഗ്ലിയോബ്ലാസ്റ്റോമ (തലച്ചോറിലെ കാൻസർ) ചികിത്സയുടെ വിപ്ലവകരമായ പുതിയ കണ്ടുപിടുത്തത്തിനാണ് യു.എസ് പാറ്റന്റ് ലഭിച്ചത്. അമേരിക്കയിൽ 14 വർഷമായി റിസേർച്ച് ചെയ്തുവരികയാണ് ബിന്ദു.
2023-ൽ യു ഡബ്ല്യൂ മാഡിസൺ യൂനിവേഴ്സിറ്റിയിൽ സയൻ്റിസ്റ്റായി ജോലി ചെയ്യുന്ന സമയത്താണ് കാൻസർ ട്രീറ്റ്മെന്റിനായി പുതിയ രീതി കണ്ടുപിടിച്ചത്. ഇലക്ട്രിക്ക് എഞ്ചിനിയറിംഗ് വിഭാഗവുമായിട്ടാണ് പുതിയ ഉപകരണം രൂപപ്പെടുത്തിയത്. 2024-ൽ പാറ്റന്റിനായി അയച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് പാറ്റന്റ് ലഭിച്ചതെന്ന് ബിന്ദു അറിയിച്ചു.